ഹോം സ്റ്റേ നടത്തുന്ന വീടുകൾ വാണിജ്യ സ്ഥാപനങ്ങൾ ആക്കിമാറ്റുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് -ടി. ജെ. വിനോദ് എംഎൽഎ.കേരള വിനോദസഞ്ചാര മേഖലയിലെ ഒഴിവാക്കാൻ കഴിയാത്തതും പ്രചുരപ്രചാരം നേടിയിട്ടുള്ളതും, കേരളത്തിന്റെ സാംസ്കാരിക വിനിമയത്തിന് ആക്കം കൂട്ടുന്ന കുടുംബ ബിസിനസ് ആയ അതുല്യ സംരംഭമാണ് ഹോംസ്റ്റേ. ഹോംസ്റ്റേ സംരംഭകരോട് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിക്കുന്ന തെറ്റായ നയങ്ങൾ തിരുത്തണമെന്ന് ശ്രീ. ടി. ജെ. വിനോദ്, എം. എൽ. എ. ആവശ്യപ്പെട്ടു. കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുടെ ( ഹാറ്റ്സ് ) സംസ്ഥാന നിർവാഹകസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിലവിലെ നിയമം അനുസരിച്ച് ഒരു വീട്ടുടമയ്ക്ക് ഹോം സ്റ്റേ ക്ലാസ്സിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷനിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് , ഉടമസ്ഥാവകാശ പത്രം,, കരമടച്ച സർട്ടിഫിക്കറ്റ് തുടങ്ങിയവ ലഭ്യമാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കേണ്ടതുണ്ട്. പ്രസ്തുത സർട്ടിഫിക്കറ്റുകൾ ലഭിക്കണമെങ്കിൽ, വീട്ടുടമകൾ അവരുടെ വീട് വാണിജ്യസ്ഥാപനമാക്കി മാറ്റുവാൻ അപേക്ഷ നൽകേണ്ടതുണ്ട്. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വീടുകളെ ചട്ടപ്രകാരം വാണിജ്യ സ്ഥാപനങ്ങൾ ആക്കി മാറ്റുന്നു. ഇതു മൂലം ഏകദേശം അയ്യായിരത്തോളം ഹോംസ്റ്റേകൾ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
എറണാകുളം ഗസ്റ്റ് ഹൗസിൽ കൂടിയ യോഗത്തിൽ കേരള ഹാറ്റ്സ് ഡയറക്ടർ ശ്രീ. എം പി ശിവദത്തൻ അധ്യക്ഷത വഹിച്ചു. ഡോ. മുരളീധര മേനോൻ, സന്തോഷ് ടോം, ടോമി ജോസഫ്, രഞ്ജിനി മേനോൻ, ഷാജി കുറുപ്പശ്ശേരി, അബി അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.